മുംബൈ: ബിറ്റ് കോയിനെതിരെ വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ബിറ്റ് കോയിന്‍റെ മൂല്യത്തിലെ ക്രമാതീതമായ വര്‍ദ്ധന കരുതിയിരിക്കണമെന്ന് ആര്‍.ബി.ഐ മുന്നിറിയിപ്പ് നല്‍കി. ഇതിനിടെ ചരിത്രത്തിലാദ്യമായി ബിറ്റ് കോയിന്‍ മൂല്യം 12,000 ഡോളര്‍ (ഏകദേശം 7,74,927 രൂപ) കടന്നു.
ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾക്ക് ഒരു ആസ്തിയുടെ പിൻബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് അവയുടേതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സമീപകാലത്തുതന്നെ വലിയ ചാഞ്ചാട്ടങ്ങൾ ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ചാഞ്ചാട്ടങ്ങളിൽ നിക്ഷേപകർക്ക് വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയോ അല്ലെങ്കില്‍ സർക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ല ഓൺലൈൻ കറൻസികളെന്നും ആര്‍.ബി.ഐ ഓര്‍മ്മിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഓൺലൈൻ കറൻസി വിപണികളിൽ ബിറ്റ്കോയിന്റെ വില കുതിക്കുകയാണ്.
