മുംബൈ: നഷ്ടം സഹിക്കാനാവാതെ സേവനങ്ങള്‍ അവസാനിപ്പിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ നിര്‍ബന്ധിച്ച് രാജിവെയ്പ്പിക്കുന്നുവെന്ന് പരാതി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രാജിവെയ്ക്കുന്നു എന്നെഴുതി രാജിക്കത്ത് നല്‍കാനാണ് കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം ജീവനക്കാര്‍ക്ക് അനൗദ്ദ്യോഗികമായി നിര്‍ദ്ദേശം നല്‍കുന്നത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 44,300 കോടിയുടെ നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്.

നവംബര്‍ 30 മുതല്‍ 2ജി, 3ജി സേവനങ്ങളും വോയ്സ് കോള്‍ സംവിധാനവും അവസാനിപ്പിക്കുകയാണ് കമ്പനി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ 4ജി സേവനം മാത്രം നല്‍കുന്ന കമ്പനിയായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മാറും. സ്വന്തമായി സ്പെക്ട്രമോ ലൈസന്‍സോ ഇല്ലാതെ മറ്റ് കമ്പനികളില്‍ നിന്ന് വാടകയ്ക്ക് എടുത്തായിരിക്കും തുടര്‍ന്ന് നാമമാത്രമായെങ്കിലും ആര്‍കോം പ്രവര്‍ത്തിക്കുക. ഇതൊടൊപ്പം ഒരു തരത്തിലുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കെതെയും ആനുകൂല്യങ്ങള്‍ നല്‍കാതെയും ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഫോണില്‍ വിളിച്ചശേഷം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രാജിവെയ്ക്കുന്നു എന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയാണ്. ആനുകൂല്യങ്ങളെക്കുറിച്ചൊന്നും കമ്പനി മിണ്ടുന്നില്ല. ചിലരോടൊക്കെ ജനുവരിയില്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പറയുന്നുണ്ട്. നവംബര്‍ മാസത്തെ ശമ്പളം മുഴുവനായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഒക്ടോബറിലെ ശമ്പളം പോലും പലര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല.

രാജിവെയ്ക്കാനുള്ള അറിയിപ്പ് ചോദ്യം ചെയ്യുന്നവരെ രായ്ക്ക്‍രാമാനം രാജ്യത്തിന്റെ മറ്റൊരു കോണിലേക്ക് സ്ഥലം മാറ്റുന്നുവെന്നും പറയുന്നുണ്ട്. സഹോദരന്‍ മുകേശ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.