മുംബൈ: പുതിയ ആര്‍കോമുമായി തിരിച്ചെത്തുമെന്ന് അനില്‍ അംബാനി. ബി ടു ബി മാതൃകയിലാകും ആര്‍കോമിന്റെ പ്രവര്‍ത്തനം. നിക്ഷേപകര്‍ക്ക് വായ്പാ തുക തിരിച്ച് നല്‍കിയതിലൂടെ ബാധ്യത 6,000 കോടിയായി കുറഞ്ഞെന്നും അനില്‍ അംബാനി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ നട്ടംതിരിഞ്ഞ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് തിരിച്ചെത്തുമെന്ന സൂചനയാണ് അനില്‍ അംബാനി നല്‍കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് പകരം കമ്പനികളുമായി നേരിട്ട് വ്യാപാര ബന്ധമുണ്ടാക്കുന്ന തരത്തിലായിരിക്കും ആര്‍ കോമിന്റെ തുടര്‍പ്രവര്‍ത്തനമെന്ന് അനില്‍ അംബാനി പറഞ്ഞു. സാമ്പത്തിക ബാധ്യത, ധാര്‍മ്മികമായി എങ്ങനെ ബിസിനസ് ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചു. 45,000 കോടിയുടെ കടം 6000 കോടിയായി ചുരുക്കിയതിലൂടെ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താനായി. ഇതോടെയാണ് ബി ടു ബി മാതൃകയില്‍ ബിസിനസ് സാധ്യമാണെന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ ഡാറ്റാ സെന്ററിന്റെ (ഐ.ഡി.സി) മാതൃകയിലായിരിക്കും ആര്‍ കോമിന്റെ പുതിയ ബി ടു ബി ബിസിനസ്. ഇത്തരം സംരംഭങ്ങള്‍ക്ക് രാജ്യത്ത് വലിയ സാധ്യതയാണെന്നും അനില്‍ പറഞ്ഞുവെയ്‌ക്കുന്നു.
ടെലികോം രംഗം കൈവിട്ടെങ്കിലും എസ്എസ്ഡിഎല്ലുമായുള്ള ലയനം പൂര്‍ത്തിയായതോടെ 16 വര്‍ഷത്തേക്കുള്ള 4ജി, 5ജി ലൈസന്‍സുകള്‍ സ്വലന്തമായുണ്ടെന്നാണ് ആര്‍കോമിന്റെ നിലപാട്. ഇതിലൂന്നിയാവും കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. 23,000 കോടി രൂപയ്‌ക്ക് ആര്‍കോമിന്റെ ബിസിനസ്, മുകേശ് അംബാനിയുടെ റിലയന്‍സ് ജിയോ സ്വന്തമാക്കിയതോടെയാണ് അനില്‍ അംബാനിക്ക് പുതുശ്വാസം കിട്ടിയത്. ഇതിന് പിന്നാലെ ആര്‍കോമിന്റെ ഓഹരി വില ഉയര്‍ന്നിരുന്നു. ആര്‍കോം ബിസിനസ് തുടരുമെന്ന വാര്‍ത്തയും വിപണിക്ക് കരുത്താവുകയാണ്.
