ഓഹരി വിപണിയിൽ റെക്കോഡ് ക്ലോസിംഗ്. നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി പതിനായിരത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സും റെക്കോഡ് നിരക്കിലാണ് ക്ലോസ് ചെയ്തത്.

ഓഹരി വിപണിയിലെ റെക്കോര്‍ഡ് പ്രകടനങ്ങൾ അവസാനിക്കുന്നില്ല. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ആദ്യമായി പതിനായിരത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. 56 പോയന്‍റ് നേട്ടത്തോടെ 10,020ലായിരുന്നു നിഫ്റ്റിയുടെ ക്ലോസിങ്. കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി പതിനായിരം കടന്ന നിഫ്റ്റി പിന്നീട് താഴേക്ക് പോയിരുന്നു. മുംബൈ ഓഹരി സൂചികയായ സെൻസെക്സും പുതിയ ഉയരം കുറിച്ചാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 154 പോയന്‍റ് ഉയർന്ന സെൻസെക്സ് 32,382ലെത്തി.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയിലും ഓഹരികൾ കുതിച്ച് കയറിയതാണ് ചരിത്ര നേട്ടത്തിന് അടിസ്ഥാനം. വിദേശ നിക്ഷേപം വലിയ തോതിൽ എത്തുന്നതും കമ്പനികളുടെ, പ്രതീക്ഷിച്ചതിലും മികച്ച ആദ്യപാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേരിയ നേട്ടത്തിലാണ്. ഒരു ഡോളറിന് 64.36 രൂപയിലാണ് വിനിമയം.