7.79 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി ടിസിഎസ് റിലയന്‍സിന്‍റെ തൊട്ട് പിന്നില്‍ തന്നെയുണ്ട്

ദില്ലി: എട്ടുലക്ഷം കോടി രൂപയുടെ വിപണി മൂല്യമെന്ന സ്വപ്നനേട്ടം കരസ്ഥമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജൂലൈ 13 നാണ് ടിസിഎസ്സിന് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്) പിന്നിലായി ഏഴു ലക്ഷം കോടി രൂപയുടെ വിപണി മൂല്യമെന്ന നേട്ടം റിലയന്‍സ് കരസ്ഥമാക്കിയത്. ഏകദേശം ഒന്നര മാസം കൊണ്ട് തന്നെ റിലയന്‍സ് അവരുടെ നേട്ടം ഒരു ലക്ഷം കോടി രൂപ കൂടി ഉയര്‍ത്തി.

എട്ടുലക്ഷം കോടി രൂപയുടെ വിപണി മൂല്യമെന്ന നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ഇതോടെ റിലയന്‍സ് മാറി. അടുത്തിടെ അവതരിപ്പിച്ച വീടുകളിലേക്കുളള ഫൈബര്‍ കണക്ടിവിറ്റി സംവിധാനം നിരവധി നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിച്ചതാണ് വലിയ നേട്ടത്തിലേക്ക് റിലയന്‍സിനെ നയിച്ചതിനുളള പ്രധാന കാരണമെന്ന് വിപണി നിരീക്ഷകരുടെ വിലയിരുത്തി.

റിലയന്‍സിന്‍റെ കഴിഞ്ഞ പൊതുയോഗത്തില്‍ അവതരിപ്പിക്കപ്പെട്ട ആക്രമണോത്സഹമായ ബിസിനസ് പ്ലാനിന്‍റെ ചുവടുപടിച്ച് കമ്പനി ഇന്ത്യയില്‍ വിപണിയിലെ ഇടപെടീലുകള്‍ വര്‍ദ്ധിപ്പിക്കുന്നതും അതിവേഗ നേട്ടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. നിലവില്‍ 7.79 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി ടിസിഎസ് റിലയന്‍സിന്‍റെ തൊട്ട് പിന്നില്‍ തന്നെയുണ്ട്.