റിലയന്‍സ് ജിയോയുടെ സേവനം രാജ്യത്ത് പൂര്‍ണ തോതില്‍ ലഭ്യമായി തുടങ്ങി. ഡിസംബര്‍ 31 വരെ ജിയോയില്‍ നിന്നുള്ള കോളുകള്‍, എസ് എം എസ്, ഇന്റര്‍നെറ്റ് എന്നീവ തീര്‍ത്തും സൗജന്യമാണ്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇന്റര്‍നെറ്റിന് മാത്രം പണം നല്‍കണം. ലൈഫ് ഫോണുകളിലും മറ്റ് കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളിലും ജിയോ സേവനം ലഭ്യമാകും. ഉപയോക്താക്കളുടെ തിരക്ക് നിമിത്തം ആവശ്യത്തിന് സിമ്മുകള്‍ നിലവില്‍ ലഭ്യമാക്കാനാകാത്ത അവസ്ഥയിലാണ് റിയലന്‍സ് ജിയോ. 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത്.

എന്നാല്‍ എല്ലാം സൗജന്യമെന്ന ജിയോയുടെ വാഗ്ദാനം തട്ടിപ്പാണെന്ന് അവകാശപ്പെട്ട് മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ രംഗത്ത് എത്തി. ജിയോയുടെ പ്രവര്‍ത്തനം 4ജി എല്‍ടിഇയിലാണ്. ഇത് ഇന്റര്‍നെറ്റില്‍ അടിസ്ഥിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു മിനിറ്റ് വീഡിയോ കോളിന് ഒരു എംബി ചെലവാകും. ചുരുക്കത്തില്‍ 300 മിനിറ്റ് മാത്രമാണ് 149 രൂപയുടെ പ്ലാനില്‍ വിളിക്കാനാവുക. തുടര്‍ന്നുള്ള ഒരോ എംബിക്കും അഞ്ച് പൈസ വീതം നല്‍കണം. പൂര്‍ണ സൗജന്യം പുലര്‍ച്ചെ രണ്ട് മണി മുതല്‍ അഞ്ച് മണി വരെ മാത്രമാണെന്നും ആരോപിക്കുന്നു.

ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഒരു രൂപയ്ക്ക് ഒരു ജി ബി പ്ലാനുമെന്ന ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തി. ഒരു മാസം 300 ജി ബി ഡേറ്റ ഉപയോഗിക്കുന്ന ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ നിരക്ക്. കുറഞ്ഞ നിരക്കിലുള്ള മികച്ച പ്ലാനുകള്‍ ലഭ്യമാക്കുമെന്ന് എയര്‍ടെല്ലും വോഡാഫോണും ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. ഓഫറുകള്‍ക്ക് പുറമേ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം ശക്തമാക്കി ജിയോയെ നേരിടാണ് ഐഡിയയുടെ നീക്കം.