2.21 ശതമാനം ഇടിവോടെ 1,064.40 രൂപയ്ക്കാണ് മുംബൈ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച റിലയന്‍സിന്റെ ഓഹരി വ്യാപാരം അവസാനിച്ചത്. 0.19 പോയിന്റ് ഇടിഞ്ഞ് 28,077.18ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ ലാഭത്തില്‍ 22.89 ശതമാനം ഇടിവുണ്ടായെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 7,206 കോടിയാണ് ഇക്കാലയളവിലെ കമ്പനിയുടെ ലാഭമായി അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ജിയോ സേവനങ്ങള്‍ ശരിയായ വിധത്തില്‍ ആസ്വദിക്കാന്‍ അവസരമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ആവശ്യമെങ്കില്‍ ഇപ്പോള്‍ നല്‍കുന്ന ട്രയല്‍ ഓഫറുകളുടെ സമയപരിധി നീട്ടുമെന്നും റിലയന്‍സ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ ജിയോയുടെ സൗജന്യ വോയിസ് കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വ്യാപകമായ പരാതികളാണുള്ളത്. ആദ്യം മികച്ച വേഗത നല്‍കിയിരുന്ന 4ജി ഇന്റര്‍നെറ്റിന് ഇപ്പോള്‍ മറ്റ് കമ്പനികളുടെ 3ജി നെറ്റ് വര്‍ക്കില്‍ ലഭിക്കുന്നത്ര വേഗത പോലുമില്ലെന്നാണ് പരാതി. മിക്ക സമയങ്ങളിലും കോള്‍ വിളിക്കാന്‍ കഴിയുന്നില്ലെന്നും പരാതികളുണ്ട്. ഡിസംബര്‍ അവസാനം വരെയാണ് ജിയോ സൗജന്യ സേവനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസം കൊണ്ട് 16 മില്യന്‍ വരിക്കാരെ സ്വന്തമാക്കി ലോക റെക്കോര്‍ഡും ജിയോ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപമുള്ള ജിയോയില്‍ 2020ഓടെ ഒരു ലക്ഷം കോടി നിക്ഷേപം കൂടിയിറക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.