2011 മെയിലായിരുന്നു ഫ്ലുവെൻസിന്റെ ഇന്ത്യന്‍ വിപണിപ്രവേശം. മഹീന്ദ്രയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനുശേഷം റിനോ ഇന്ത്യയിലെത്തിച്ച ആദ്യ കാര്‍. അവതരണത്തിനു ശേഷം 2014ല്‍ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഫേസ്‌ലിഫ്റ്റിനെ അവതരിപ്പിച്ചു.

പുതുക്കിയ ബമ്പർ, പുതിയ ഹെഡ്‌ലാമ്പ്, ക്രോം ഉൾപ്പെടുത്തിയ ഫോഗ് ലാമ്പ്, എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ എന്നീ പുതുമകൾ ഉൾപ്പെടുത്തിയിട്ടും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫ്ലുവെൻസിന് കഴിഞ്ഞില്ല. വളരെ കുറച്ച് യൂണിറ്റുകളുടെ വില്പന മാത്രം നടത്താനെ ഈ ആഡംബര സെഡാന് കഴിഞ്ഞുള്ളൂ.

108ബിഎച്ച്പിയും 240എൻഎം ടോർക്കുമുള്ള 1.5ലിറ്റർ ഡീസൽ എൻജിനാണ് ഫ്ലുവെൻസിന് കരുത്തേകിയിരുന്നത്. എൻജിനിൽ 6സ്പീഡ് ട്രാൻസ്മിഷനും ഉണ്ടായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ആറുമാസത്തിനിടെ ഫ്ലുവെൻസിന്റെ ഒരേയൊരു യൂണിറ്റുമാത്രമാണത്രെ വിറ്റഴിച്ചിട്ടുള്ളത്. വില്പനയിലെ ഈ ഇടിവുകാരണമായിരിക്കണം റിനോ ഫ്ലുവന്‍സിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നു വേണം കരുതാന്‍. കൂടുതൽ വില്പന നടത്തുന്ന ക്വിഡ്, എസ്‍യുവി ഡസ്റ്റർ എന്നീ വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്താനാവും കമ്പനിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

