റിസര്‍വ് ബാങ്കിന്റെ പുതിയ വായ്‍പ നയം ഇന്ന് പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്നതിനാൽ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഉച്ചകഴിഞ്ഞ് രണ്ടരയ്‍ക്കാണ് പ്രഖ്യാപനം.

കേന്ദ്രബജറ്റിന് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല ആകാംക്ഷയോടെ കാത്തിരിക്കുന്ന തീരുമാനം. റിസർവ് ബാങ്ക് പലിശ കുറയ്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും പലിശ കൂട്ടുമോ എന്നൊരാശങ്ക ഒരുവിഭാഗം സാന്പത്തിക വിദഗ്ധർക്കുണ്ട്. പണപ്പെരുപ്പം കുതിച്ചുയർന്ന് 21 മാസത്തെ ഉയർന്ന നിരക്കായ 5.21 ശതമാനത്തിലെത്തി നിൽക്കുന്നതാണ് ഈ ആശങ്കയ്‍ക്ക് ആധാരം. അരുൺ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനങ്ങളും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതും നിമിത്തം വരും മാസങ്ങളിലും പണപ്പെരുപ്പം കൂടാനാണ് സാധ്യത.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നൽകുന്ന വായ്‍പയുടെ പലിശയായ റിപോ നിരക്ക് നിലവിൽ  ആറ് ശതമാനവും റിവേഴ്‍സ് റിപ്പോ 5.75 ശതമാനവുമാണ്. പണപ്പെരുപ്പം ഉയർന്നതിനാൽ ഡിസംബർ ആദ്യം ചേർന്ന യോഗത്തിലും ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ധനനയസമിതി ഇന്നലെയും ഇന്നുമായി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാകും കേന്ദ്രസർക്കാർ മുന്നോട്ട് വയ്‍ക്കുക. രാജ്യത്തെ വ്യവസായ മേഖലയ്‍ക്ക് കരുത്ത് പകരാൻ പലിശ കുറയ്ക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ധനനയസമിതി യോഗത്തിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയ്‍ക്ക് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പണനയം പ്രഖ്യാപിക്കും.