ജൂണ്‍ മുതല്‍ ഇതുവരെ 6.2 ശതമാനത്തിന്‍റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് സകല വസ്തുക്കളുടെയും വിലയില്‍ വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. 

തിരുവനന്തപുരം: രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശാ നിരക്കുകളില്‍ മാറ്റം വരുത്താനുളള സാധ്യത വര്‍ദ്ധിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍. രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടപെടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും വ്യക്തമാക്കിയിട്ടുളളത്. എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയും നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോയാല്‍ റിസര്‍വ് ബാങ്കിന്‍റെ ഇടപെടീല്‍ ഉണ്ടാവുമെന്നാണ് വിപണി നിരീക്ഷകരുടെയും അവകാശവാദം.

രൂപയുടെ മൂല്യമിടിയുന്നതിനോടൊപ്പം രാജ്യത്തെ ഇന്ധന വില നിയന്ത്രണങ്ങളില്ലാതെ കുതിച്ചുകയറുന്നത് സമ്പദ്‍വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാവുകയാണ്. ഇന്ധന ഇറക്കുമതിക്കായി രാജ്യത്തിന് ഇപ്പോള്‍ വന്‍ തുകയാണ് ചെലവിടേണ്ടി വരുന്നത്. രാജ്യത്തിന്‍റെ പ്രതിദിന ആവശ്യത്തിന്‍റെ 81 ശതമാനം എണ്ണയും ഇറക്കുമതിയിലൂടെയാണ് വിപണിയിലെത്തുന്നത്. അതിനാല്‍ തന്നെ ആഭ്യന്തര വിപണിയില്‍ നിയന്ത്രണങ്ങളില്ലാതെയാണ് വില ഉയരുന്നത്.

ജൂണ്‍ മുതല്‍ ഇതുവരെ 6.2 ശതമാനത്തിന്‍റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് സകല വസ്തുക്കളുടെയും വിലയില്‍ വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നത് ഇറക്കുമതിയിലൂടെ ആഭ്യന്തര വിപണിയിലെത്തുന്ന വസ്തുക്കളുടെയെല്ലാം വില ഉയര്‍ത്തിയിട്ടുണ്ട്. 

രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഈ അടുത്ത് രണ്ട് തവണയാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ പലിശാ നിരക്കുകള്‍ മാറ്റം വരുത്തിയത്. 

റിസര്‍വ് ബാങ്ക് പലിശാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപകരിക്കുമെന്നല്ലാതെ രൂപയ്ക്ക് നേരിട്ട് ഗുണമൊന്നും ഉണ്ടാവില്ലെന്നാണ് എച്ച്ഡിഎഫ്സി ബാങ്കിന്‍റെ കണ്ടെത്തല്‍. ഇന്തൊനീഷ്യ പോലെയുളള രാജ്യങ്ങള്‍ പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ പലിശാ നിരക്കുകള്‍ ഉയര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്താറുണ്ട്.