മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ നയം റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കും. പണപ്പെരുപ്പം കാര്യമായ തോതില്‍ കുറയാത്തതിനാല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. വിപണിയില്‍ പണലഭ്യത കൂട്ടാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും.

പുത്തന്‍ സാമ്പത്തിക വര്‍ഷം പിറന്നതിന് ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ പണ നയമാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നത്. പക്ഷേ പലിശ നിരക്കിലെ ഇളവിന് സാധ്യതയില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ കുറയാത്തതാണ് പ്രശ്നം. ഫെബ്രുവരി ആദ്യം ചേര്‍ന്ന അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ കുറച്ചിരുന്നില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമാണ്. പലിശ നിരക്കില്‍ മാറ്റം വരുത്തണോയെന്ന് നിശ്ചയിക്കുന്നതിനായി ധനനയസമിതി ഇന്നലെയും ഇന്നുമായി യോഗം ചേരുന്നുണ്ട്.

വിപണിയിലെത്തുന്ന പണത്തിന്‍റെ അളവ് കൂട്ടുന്നതിനും കിട്ടാക്കടം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചേക്കുമെന്നാണ് സൂചന. ബാങ്കുകളില്‍ നോട്ട് ക്ഷാമം അനുഭവപ്പെടുന്നത് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും തലവേദന സൃഷ്‌ടിക്കുന്നുണ്ട്. കറന്‍സി വിനിമയത്തില്‍ രൂപയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കാം. ഉച്ച കഴിഞ്ഞ് 2.30ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പണ നയം പ്രഖ്യാപിക്കും.