റിസർവ് ബാങ്ക് വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക വളർച്ച ശക്തമാക്കാൻ പലിശ നിരക്ക് കുറയ്ക്കണമെന്ന സമ്മർദ്ദങ്ങൾക്കിടെയാണ് വായ്പാനയ പ്രഖ്യാപനം. പലിശ നിരക്കിൽ ആർബിഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന.

കേന്ദ്രസർക്കാരിന്‍റെ നോട്ടസാധുവാക്കലിന് ശേഷം താഴേക്ക് പോയ രാജ്യത്തെ സാന്പത്തിക സ്ഥിതി പഴയ വളർച്ചതോത് കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കാൽ ശതമാനം ഇളവെങ്കിലുമാണ് പലിശ നിരക്കിൽ വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞില്ലെന്ന വാദം ഉന്നയിച്ച് കഴിഞ്ഞ നാല് തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ ആർബിഐ തയ്യാറായിരുന്നില്ല. എന്നാൽ പണപ്പെരുപ്പ നിരക്ക് അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയത് പരിഗണിച്ച് ഇത്തവണ പലിശ കുറയ്ക്കാൻ തയ്യാറായേക്കുമെന്നാണ് സൂചന. രാജ്യത്ത് മികച്ച കാലവർഷം ലഭിക്കുന്നതും പ്രതീക്ഷയുണർത്തുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുന്പോൾ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിൽ 6.25 ശതമാനമാണ്.

ധനനയസമിതിയിൽ പലിശ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരും മുന്നോട്ടുവച്ചേക്കും. പലിശ കുറയ്ക്കാത്തതിൽ കേന്ദ്രം കഴിഞ്ഞ തവണ നീരസം പ്രകടിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് അര ശതമാനം കുറച്ചിരുന്നു. ഇത് ആർബിഐ പ്രഖ്യാപനം മുൻകൂട്ടി കണ്ടാണെന്നാണ് വിലയിരുത്തൽ. ഓഹരി വിപണികളും നേട്ടത്തിലാണ്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പുതിയ വായ്പ നയ പ്രഖ്യാപനം.