മെയ്ക്ക് ഇന്‍ ഇന്ത്യ പോലെയുളള പദ്ധതികള്‍ ഒരു വശത്ത് കൊട്ടിഘോഷിക്കുമ്പോഴാണ് മറുവശത്ത് നികുതി നിയമങ്ങളില്‍ കുരുങ്ങി ഇത്തരം ചെറുകിട വ്യവസായങ്ങള്‍ നശിക്കുന്നത് ടയര്‍ ഇതര റബ്ബര്‍ വ്യവസായത്തിലെ ഒരു അത‍്യാവശ്യ വസ്തുവാണ് കാര്‍ബണ്‍ ബ്ലാക്ക്

ദില്ലി: കാര്‍ബണ്‍ ബ്ലാക്കിന് വിപണയില്‍ കുറവ് വന്നതോടെ ഇന്ത്യന്‍ റബ്ബര്‍ വ്യവസായം എല്ലാക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ടയര്‍ ഇതര റബ്ബര്‍ വ്യവസായത്തിലെ ഒരു അത‍്യാവശ്യ വസ്തുവാണ് കാര്‍ബണ്‍ ബ്ലാക്ക്. ഇന്ത്യയില്‍ കാര്‍ബണ്‍ ബ്ലാക്കിന്‍റെ ഉല്‍പ്പാദനം കുറവാണ്. ഇത് ചില വ്യവസായിക ഉല്‍പ്പന്നങ്ങളുടെ ഉപോല്‍പ്പന്നമാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റ ആന്‍റി ഡംബിംഗ് നികുതികള്‍ കാര്‍ബണ്‍ ബ്ലാക്കിന് ബാധകമാണ്.

കാര്‍ബണ്‍ ബ്ലാക്ക് ഏറെ ഉല്‍പ്പാദിപ്പിക്കുന്ന ചൈന, റഷ്യ പോലെയുളള രാജ്യങ്ങളില്‍ നിന്നുളള ഇറക്കുമതി ആന്‍റി ഡംബിംഗ് നികുതികള്‍ കാരണം കുറ‍ഞ്ഞതോടെയാണ് ടയര്‍ ഇതര റബ്ബര്‍ വ്യവസായം പ്രതിസന്ധിയിലായത്. പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ഓള്‍ ഇന്ത്യ റബ്ബര്‍ ഇന്‍ഡസ്ട്രിയല്‍ അസ്സോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാര്‍ബണ്‍ ബ്ലാക്ക് ഉപയോഗിക്കുന്ന വ്യവസായങ്ങളില്‍ മിക്കതും സര്‍ക്കാരിന്‍റെ സൂഷ്മ-ചെറുകിട-ഇടത്തര വ്യവസായങ്ങളുടെ പരിധിയില്‍ പെടുന്നതിനാല്‍ സര്‍ക്കാരിന്‍റെ വ്യവസായ നയ പരിപാടികള്‍ പ്രകാരം ഇളവുകള്‍ ലഭിക്കേണ്ടതാണ്.

കാര്‍ബണ്‍ പ്രതിസന്ധി കാരണം ആയിരത്തില്‍ കുടുതല്‍ ചെറുകിട വ്യവസായിക യൂണിറ്റുകള്‍ പൂട്ടലിന്‍റെ വക്കിലാണ്. ഇതിലൂടെ രാജ്യത്ത് രണ്ടു ലക്ഷത്തോളം വരുന്ന തൊഴില്‍ മേഖല എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ടയര്‍ ഇതര റബ്ബര്‍ വ്യവസായ മേഖല രാജ്യത്തിന് പ്രതിമാസം സംഭാവന ചെയ്യുന്നത് 750 കോടിയോളം രൂപയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലെയുളള പദ്ധതികള്‍ ഒരു വശത്ത് കൊട്ടിഘോഷിക്കുമ്പോഴാണ് മറുവശത്ത് നികുതി നിയമങ്ങളില്‍ കുരുങ്ങി ഇത്തരം ചെറുകിട വ്യവസായങ്ങള്‍ നശിക്കുന്നത്.