മുംബൈ: ഇന്ന് വിനിമയ വിപണിയിലെ 'ഹീറോ' ഇന്ത്യന്‍ രൂപയായിരുന്നു. ഡോളറിനെതിരെ ഡോളറിന്‍റെ മൂല്യത്തില്‍ ഇന്ന് 29 പൈസയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വിദേശ നാണ്യ വരവ് കൂടിയതും, അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ നേരിടുന്ന പ്രതിസന്ധികളും ക്രൂഡ് ഓയില്‍ നിരക്ക് വലിയ തോതില്‍ താഴ്ന്നതുമാണ് ഇന്ത്യന്‍ നാണയത്തിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.04 എന്ന നിലയിലാണിപ്പോള്‍

ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് തുടരുന്നത് കാരണം നിക്ഷേപകര്‍ അമേരിക്കന്‍ നാണയത്തോട് വലിയ രീതിയിലാണ് താല്‍പര്യക്കുറവ് കാട്ടുന്നത്. 

വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍, ഡോളറിനെതിരെ രൂപയുടെ മൂല്യം 70.36 എന്ന നിലയിലായിരുന്നു. ഇന്ന് ഏകദേശം 0.42 ശതമാനം വളര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. അമേരിക്കന്‍ ധനകാര്യ മേഖലയില്‍ പ്രതിസന്ധി തുടരുന്നതാണ് ഡോളറിന് വിനയാകുന്നത്. 

ക്രൂഡ് ഓയില്‍ നിരക്കില്‍ വലിയ തോതില്‍ ഇടിവ് നേരിട്ടതും ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരാന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു. 2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയില്‍ കൂപ്പുകുത്തിയത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 86.29 ഡോളറായിരുന്നു നിരക്ക്. ഈ പാദത്തിൽ മാത്രം 40 ശതമാനത്തിലധികം ഇടിവാണ് ഇന്ധനവിലയിൽ സംഭവിച്ചത്. സൗദിയെയും റഷ്യയെയും മറികടന്ന് യുഎസിന്‍റെ എണ്ണ ഉത്പാദനം കൂടിയതാണ് വിലയിടിവിനുളള പ്രധാന കാരണം.