റിയാദ്: യുവരാജാവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ പരിഷ്‌കരണ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ബജറ്റിന് സൗദി രാജാവ് അംഗീകാരം നല്‍കി. എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കാര്യമായ സാമ്പത്തിക പരിഷ്‌കരണ നടപടികളും നിക്ഷേപങ്ങളും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

978 ബില്ല്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ബജറ്റ് 783 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. 2014-ല്‍ ആഗോളവിപണിയില്‍ എണ്ണ വില താഴ്ന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇക്കുറിയും 195 ബില്ല്യണ്‍ ഡോളര്‍ കമ്മി നേരിടുന്നുവെങ്കിലും വരും വര്‍ഷങ്ങളില്‍ ഇതില്‍ നിന്നും കരകയറാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം. 

എണ്ണ ഉത്പാദനത്തില്‍ മാത്രം കേന്ദ്രീകരിച്ചു മുന്നോട്ട് നീങ്ങിയ സൗദി സമ്പദ് വ്യവസ്ഥയില്‍ സമൂലമായ പരിഷ്‌കാരം നടപ്പില്‍ വരുത്താനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലക്ഷ്യമിടുന്നത്. ഇതിനായി വിഷന്‍ 2030 എന്ന പ്രവര്‍ത്തനരേഖ പ്രഖ്യാപിക്കുകയും 12 പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ശരീയത്ത് നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ ടൂറിസം അടക്കമുള്ള രംഗങ്ങളില്‍ നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് പല പരിഷ്‌കാരങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്തെ പൗരന്‍മാരുടെ ജീവിതം നിലവാരം ഉയര്‍ത്തുകയും, സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ബജറ്റെന്നും പരിഷ്‌കാര നടപടികള്‍ നടപ്പാക്കി തുടങ്ങിയതോടെ രാജ്യത്ത് പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചു.