സൗദിയിൽ വ്യാജ ഉൽപ്പന്നങ്ങൾ വില്‍ക്കുന്നവര്‍ക്ക് ഇരുട്ടടി

സൗദിയിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ പിഴ . ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും ഇനി മുതല്‍ ശിക്ഷാർഹമാണ്. റമദാന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും.

വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കു പത്തു ലക്ഷം റിയാൽ പിഴ കൂടാതെ സ്ഥാപന നടത്തിപ്പുകാർക്ക് മൂന്നു വർഷം വരെ തടവും ലഭിക്കുമെന്നു വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

കൂടാതെ നിയമ ലംഘകരുടെ പേര് വിവരങ്ങളും അവർക്കുള്ള ശിക്ഷയും പ്രാദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യും. റമദാന് മുന്നോടിയായി കമ്പോളത്തിലെത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തും.

ഒപ്പം വ്യാപാര സ്ഥാപനങ്ങൾ റമദാന് പ്രഖ്യാപിക്കുന്ന വിലക്കിഴിവുകളുടെ നിജസ്ഥിതിയും പരിശോധിക്കും. വിൽപ്പനക്ക് വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിൽ വില സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നും അതേ വിലത്തന്നെയാണ് ഉപഭോക്താവിൽനിന്നു ഈടാക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനിടെ അധികൃതർ പിടിച്ചെടുത്ത ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാത്ത 14000 ഉൽപ്പന്നങ്ങൾ അധികൃതർ നശിപ്പിച്ചു. ഇരുനൂറോളം സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി.