റിയാദ്: സൗദിയിലെ ജ്വല്ലറികളിലും സ്വദേശി വത്കരണം നടത്തുന്നത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കും തിരിച്ചടിയാവും. അനുയോജ്യമായ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ചാണ് ജ്വല്ലറികളില്‍ നിന്നും വിദേശികളെ നീക്കുന്നത്. ഡിസംബര്‍ മൂന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

നേരത്തെ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവന്‍ ജ്വല്ലറികൾക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നൽകിയിരുന്നു. എന്നാൽ പല കാരണങ്ങളാല്‍ ഇത് വിജയിച്ചിരുന്നില്ല. ജ്വല്ലറികളില്‍ പൊതുവെ മറ്റ് മേഖലകളെ അപേക്ഷിച്ച് ജോലി സമയം കൂടുതലാണ്. ഇതും കുറഞ്ഞ വേതനവും കാരണം ഈ മേഖലയിലെ ജോലികളിൽ നിന്നും സ്വദേശികള്‍ കൊഴിഞ്ഞു പോവുകായായിരുന്നുവെന്ന് സൗദി ചേംബര്‍ ഓഫ് കൊമേഴസ് ജ്വല്ലറി വിഭാഗം സമിതി അംഗം അബ്ദുല്‍ ഗനി അല്‍മിഹ് നാ പറഞ്ഞു.

ഡിസംബർ മൂന്നുമുതൽ ഈ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളെ കണ്ടത്താനുള്ള പരിശോധന ശക്തമാക്കാണ് അധികൃതരുടെ തീരുമാനം. മൊബൈൽ ഫോൺ വിപണന മേഘലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി ജ്വല്ലറി ഗ്രൂപ്പുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലടക്കം നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജോലി പ്രതിസന്ധിയിലാവും.