തൃശ്ശൂര്‍: സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യയുടെ കറന്റ് അക്കൗണ്ടുകാര്‍ക്കും സ്വര്‍ണവായ്പക്കാര്‍ക്കും എട്ടിന്‍റെ പണി വരുന്നു. ഒരു ദിവസം 25,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്ന കറന്റ് അക്കൗണ്ട് ഉടമകള്‍ കൂടുതല്‍വരുന്ന ഓരോ 1000 രൂപയ്ക്കും 75 പൈസ സേവനനികുതി നല്‍കണമെന്നാണ് പുതിയ നിബന്ധന.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാസം മൂന്നുതവണമാത്രമേ സൗജന്യ ഇടപാട് അനുവദിക്കൂ. അതിനുമുകളിലുള്ള ഓരോ ഇടപാടിനും 50 രൂപ സേവനനികുതിയും ഈടാക്കും.

സ്വര്‍ണവായ്പയെടുക്കുന്നവര്‍ക്കും പുതിയ നിബന്ധനകള്‍ തിരിച്ചടിയാണ്. ഇവരില്‍ നിന്നും ബാങ്ക് സേവനനിരക്ക് ഈടാക്കിത്തുടങ്ങി. 25,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണവായ്പയ്ക്ക് 575 രൂപയാണ് സേവന നികുതിയായി ഈടാക്കുന്നത്.

ചെറുകിട സ്വര്‍ണവായ്പകള്‍ നല്‍കുന്നത് കുറച്ചിട്ടുമുണ്ട്. വന്‍തുകകളുടെ സ്വര്‍ണവായ്പകള്‍ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി.

അക്കൗണ്ടിലുള്ള പണം എ.ടി.എമ്മിലൂടെ പിന്‍വലിക്കുന്നതിനും പരിധിയുണ്ട്. അതിനാല്‍ വായ്പത്തുക പല തവണയായി പിന്‍വലിച്ചാല്‍ അനുവദനീയ എണ്ണം കഴിഞ്ഞാല്‍ ഓരോ എ ടി എം ഇടപാടിനും സേവന ഫീസ് നല്‍കേണ്ടിയും വരും.