തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനുബന്ധബാങ്കുകളും ഉപഭോക്‌താക്കൾക്കു നൽകിയിരുന്ന ആറു ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് കാർഡുകൾ ബ്ലോക്ക് ചെയ്തതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തട്ടിപ്പ് നടന്ന എടിഎം കൗണ്ടറുകളിൽ ഉപയോഗിച്ച കാർഡുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതിൽ വിദേശത്ത് ഇടപാടു നടത്തിയ കാർഡുകളും ഉൾപ്പെടുന്നു.

കാർഡുകൾ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് കാർഡുടമകളെ അറിയിച്ചിരുന്നതായി ബാങ്ക് അധികൃതർ അവകാശപ്പെടുന്നു. എസ്എംഎസ് വഴി ഉപഭോക്‌താക്കളെ അറിയിച്ചിരുന്നെന്നാണ് ബാങ്കുകൾ നൽകുന്ന വിവരം. എന്നാൽ മിക്ക ആളുകളും ഇടപാടുകൾ നടത്തുന്നതിനായി എടിഎമ്മിൽ എത്തിയപ്പോഴാണ് കാർഡ് ബ്ലോക്ക് ചെയ്തതിനെ സംബന്ധിച്ച് അറിയുന്നത്. 

ഇതേതുടർന്ന് ബാങ്കിൽ ബന്ധപ്പെട്ടവരോട് പുതിയ എടിഎം കാർഡുകൾക്ക് അപേക്ഷിക്കാൻ നിർദേശിച്ചു. കൂടാതെ, എല്ലാ ഉപഭോക്‌താക്കളോടും പിൻ നമ്പർ മാറാനും നിർദേശം നൽകിയിട്ടുണ്ട്. 

കാർഡ് ബ്ലോക്ക് ചെയ്തിരിക്കുന്ന ഉപഭോക്‌താക്കൾക്ക് ഇനി ചിപ്പ് ഘടിപ്പിച്ച കാർഡുകളാവും നൽകുക. ഇത് തട്ടിപ്പ് ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.