അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് മുതല്‍ ഒട്ടുമിക്ക ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച എസ്.ബി.ഐ ഇന്ന് ഒരു പുതിയ സര്‍വ്വീസ് ചാര്‍ജ്ജ് കൂടി അവതരിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ചെക്ക് വഴി പണമടയ്ക്കുകയാണെങ്കില്‍ 100 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2000 രൂപയില്‍ താഴെയുള്ള ബില്ലുകള്‍ അടയ്ക്കുന്നതിനാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.

ബില്ലടയ്ക്കാനുള്ള അവസാന തീയ്യതികളില്‍ ചെക്കുകള്‍ നിക്ഷേപിക്കുകയും പിന്നീട് അധിക ചാര്‍ജ്ജ് ഈടാക്കിയതിന്റെ പേരില്‍ ഉപഭോക്താക്കള്‍ പ്രശ്നമുണ്ടാക്കുന്നതും പതിവായതോടെയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എസ്.ബി.ഐ കാര്‍ഡ് എം.ഡിയും സി.ഇ.ഒയുമായ വിജയ് ജസൂജ പറഞ്ഞു. തുടര്‍ന്നാണ് ചെക്ക് വഴി ബില്ലുകള്‍ സ്വീകരിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ തീരുമാനിച്ചത്. സ്റ്റേറ്റ് ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും പ്രത്യേക ധനകാര്യ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ചെക്ക് ക്ലിയറന്‍സിന് അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരുന്നുവെന്നും കമ്പനി പറയുന്നു. എന്നാല്‍ എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ ബാങ്കിന്റെ കൗണ്ടര്‍ വഴി ചെക്ക് നല്‍കിയാല്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടതില്ല. മറ്റ് ബാങ്കുകളുടെ ചെക്ക് കൗണ്ടര്‍ വഴി നല്‍കിയാലും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യും.