മുംബൈ: എസ്.ബി.ടി ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. സെപ്തംബര്‍ 30ന് ശേഷം ഈ ചെക്ക്ബുക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു ബാങ്ക് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു. പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഡിസംബര്‍ 31 വരെ പഴയ ചെക്കുകള്‍ സ്വീകരിക്കും. നേരത്തെ പണമിടപാടുകള്‍ക്ക് പകരമായി പഴയ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് ഈ വര്‍ഷം അവസാനം വരെ മാറ്റിയെടുക്കാന്‍ കഴിയും.

പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്ന ഭുരിപക്ഷം പേര്‍ക്കും ഇതിനോടകം തന്നെ എസ്.ബി.ഐയുടെ പുതിയ ചെക്ക്ബുക്കുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കാത്തവര്‍ക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷ നല്‍കാം. അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ നേരിട്ട് അപേക്ഷ നല്‍കുന്നതിന് പുറമെ എ.ടി.എമ്മുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയുമൊക്കെ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാനാവും. എസ്.ബി.ടി നല്‍കിയ എ.ടി.എം കാര്‍ഡ് തുടര്‍ന്നും തടസമില്ലാതെ ഉപയോഗിക്കുകയും ചെയ്യാം.