ദില്ലി: 235 കോടിയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിരിച്ചെടുത്തത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം അവഗണിച്ചാണ് പുതിയ മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ നടപ്പാക്കിയതെന്ന് പരാതി. അക്കൗണ്ടില്‍ ഉപഭോക്താവ് മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ അക്കാര്യം ഇടപാടുകാരെ അറിയിച്ച് മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ സൗകര്യം നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥ. ബാങ്കുകള്‍ മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ പരിഷ്കരിക്കുന്നെങ്കില്‍ വ്യാപകമായ പരസ്യ പ്രചാരണം നടത്തുകയും വേണമെന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ചാണ് എസ്.ബി.ഐ അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ മാറ്റിയത്. മാര്‍ച്ച് ആറിനു ഒരു പത്രക്കുറിപ്പിലൂടെയാണ് എസ്.ബി.ഐ പുതുക്കിയ നിബന്ധനകള്‍ പുറപ്പെടുവിച്ചത്. പത്രക്കുറിപ്പിറക്കിയതല്ലാതെ ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ മറ്റ് ശ്രമങ്ങളൊന്നും ബാങ്ക് നടത്തിയില്ല. നേരിട്ട് പിഴയീടാക്കാന്‍ തുടങ്ങുകയായിരുന്നു. മിനിമം ബാലന്‍സില്ലാത്തവരുടെ അക്കൗണ്ടുകളിലേക്ക് ഏതെങ്കിലും വഴിക്ക് ഒരു രൂപ എങ്കിലും എത്തിയാല്‍ അപ്പോള്‍ തന്നെ അത് ബാങ്ക് തട്ടിയെടുക്കുന്ന സ്ഥിതിയാണ്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിഴയീടാക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാനും ബാങ്ക് തയാറായില്ല.
