സ്റ്റേറ്റ് ബാങ്കുകളുടടെ ലയനത്തിന് പിന്നാലെ സംസ്ഥാനത്തെ നൂറിലധികം ശാഖകള്‍ പൂട്ടാനുള്ള നീക്കങ്ങള്‍ എസ്.ബി.ഐ തുടങ്ങി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇതിനോടകം 44 ശാഖകള്‍ പൂട്ടി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കിന്നതിന് മുന്‍പ് ഇനിയും അറുപതിലേറെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നാണ് വിവരം.

എസ്.ബി.ടിയും എസ്.ബി.ഐയും ലയിച്ചതോടെ സംസ്ഥാനത്ത് ഇരുനൂറോളം ശാഖകള്‍ പൂട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.  ഒരേ സ്ഥലത്ത് എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ അതിലൊന്ന് പൂട്ടാനാണ് തീരുമാനം. നിലവില്‍ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇത്തരം ശാഖകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വലിയ അധിക ചെലവാണെന്നാണ് എസ്.ബി.ഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ വലിയ ശാഖ നിലനിര്‍ത്തി അക്കൗണ്ടുകള്‍ മുഴുവന്‍ അവിടേക്ക് മാറ്റാനാണ് തീരുമാനം. ഇതനുസരിച്ച് ജീവനക്കാര്‍ക്കും സ്ഥലംമാറ്റമുണ്ടാകും. രണ്ട് ശാഖകള്‍ ഒന്നാക്കുമ്പോള്‍ സ്ഥലസൗകര്യമില്ലെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ വാടകയ്‌ക്ക് എടുക്കും. നൂറിലധികം ശാഖകളുടെ പട്ടികയാണ് എസ്.ബി.ഐ ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ബാങ്ക് ശാഖ മാറുന്നത് കൊണ്ട് ഉപഭോക്താക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് എസ്.ബി.ഐയുടെ വാദം. പാസ്ബുക്കും ചെക്ക് ബുക്കും എടിഎം കാര്‍ഡുമൊന്നും മാറാതെ പഴയപോലെ അക്കൗണ്ട് ഇടപാടുകള്‍ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ എസ്.ബി.ടി നല്‍കിയ ചെക്ക് ബുക്കുകള്‍ ഈ മാസം അവസാനം വരെ മാത്രമേ ഉപയോഗിക്കാനാവൂ.