രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലവ് ചുരുക്കുന്നതിന്‍റെയും മത്സരം ശക്തമാക്കുന്നതിന്‍റെയും ഭാഗമായാണ് ശാഖകളുടെ എണ്ണം കുറയ്‌ക്കാനൊരുങ്ങുന്നത്. ആഗോള കണ്‍സല്‍ട്ടസി സ്ഥാപനമായ മകിന്‍സിയുടെ ഉപദേശപ്രകാരമാണ് നടപടി. 50 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ശാഖകള്‍ നിലനിര്‍ത്തണോ എന്ന് ബാങ്ക് പരിശോധിക്കും. ഒന്നിലധികം ശാഖകള്‍ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ബിസിനസ് നഷ്‌ടപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ശാഖകള്‍ പൂട്ടുകയോ സ്ഥാനം മാറ്റുകയോ ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി എസ്ബിഐ അടുത്തിടെ 400 ശാഖകള്‍ പൂട്ടുകയോ സ്ഥാനം മാറ്റുകയോ ചെയ്തിരുന്നു. ബാങ്കിന് നിലവില്‍ 16,784 ശാഖകളാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നടക്കുന്ന അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ 6,978 ശാഖകള്‍ കൂടി എസ്ബിഐയുടെ ഭാഗമാകും. സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ തുടങ്ങിയ ബാങ്കുകള്‍ കൂടി എസ്ബിഐയില്‍ ലയിക്കുന്നതോടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള എസ്ബിഐ ശാഖകളുടെ എണ്ണം ആറ് വരെയായി ഉയരും. ഇത് മുന്നില്‍ കണ്ട് കൂടിയാണ് എസ്ബിഐയുടെ നടപടി.