ദില്ലി: അക്കൗണ്ട് ഉടമയുടെ വ്യാജ ഒപ്പിട്ട ചെക്കുകളുപയോഗിച്ച് പണംതട്ടിയ കേസില്‍ യൂകോ ബാങ്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. ഒരു സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ആദര്‍ശ് കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം ചെക്ക് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അക്കൗണ്ട് ഉടമയുടെ ബാധ്യതാണെന്നും കോടതി നിരീക്ഷിച്ചു.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ രണ്ട് ചെക്ക് ലീഫുകള്‍ ഇവിടുത്തെ ഒരു ജീവനക്കാരന്‍ മോഷ്‌ടിച്ചത്. പിന്നീട് ഇയാള്‍ ഇതില്‍ വ്യാജ ഒപ്പിട്ട് ബാങ്കില്‍ ഹാജരാക്കി 31 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്ഥാപനം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഒന്നര കോടി രൂപ ബാങ്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയതെങ്കിലും ഉപഭോകൃത്യ ഫോറം 50 ലക്ഷം രൂപ ബാങ്ക് നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്താണ് യൂകോ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത്. 

മോഷ്‌ടിച്ച ചെക്കിലെ ഒപ്പും ബാങ്കില്‍ നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ ഒപ്പും തമ്മില്‍ സാമ്യമുണ്ടെന്നും ചെക്ക് സൂക്ഷിക്കേണ്ടത് ഉപഭോക്താവിന്റെ ബാധ്യതയാണന്നുമായിരുന്നു യൂകോ ബാങ്ക് വാദിച്ചത്. തുടര്‍ന്ന് കൈയക്ഷര വിദഗ്ദന്റെ ഉള്‍പ്പെടെ സഹായം കോടതി തേടുകയായിരുന്നു. ഒപ്പില്‍ സാമ്യമുണ്ടെങ്കിലും പണം നഷ്‌ടപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ ചെക്ക് സൂക്ഷിക്കേണ്ടത് ഉപഭോക്താവിന്റെ ബാധ്യതയാണെന്ന വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരമായി ബാങ്ക് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.