മുംബൈ: വായ്പ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മറ്റ് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. കമ്പനിയുടെ ഓഹരി, മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത് കുടിശിക വരുത്തിയിട്ടുള്ള 18.5 ലക്ഷം രൂപയുടെ പിഴത്തുക ഈടാക്കാനാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചില ഓഹരി ഇടപാടുകൾ വെളിപ്പെടുത്താതിരുന്നതിന് 2015ലാണ് മല്യയുടെ കമ്പനിക്ക് സെബി 15 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. എന്നാല്‍ പിഴയൊടുക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് പലിശയുൾപ്പെടെ പിഴയീടാക്കാനുള്ള നീക്കം. 15 ലക്ഷം രൂപ പിഴയും രണ്ടു വർഷത്തെ പലിശയും റിക്കവറി ചാർജും ഉള്‍പ്പെടെ 18.5 ലക്ഷം രൂപയാണ് കമ്പനിയില്‍ നിന്ന് പിടിച്ചെടുക്കുക. കമ്പനിയുടെ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നത് തടയാൻ ബാങ്കുകൾക്കും മ്യൂച്ച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 13നാണ് ഇതുസംബന്ധിച്ച് സെബി ഉത്തരവ് പുറത്തിറക്കിയത്. കമ്പനിയുടെ പകുതിയിലധികം ഓഹരികളും മല്യയുടെ ഉടമസ്ഥതയിലാണ്. വൻതുക ബാങ്കുകളില്‍ ബാധ്യത വരുത്തിയതിനെ തുടർന്ന് നിയമനടപടികള്‍ തുടങ്ങിയപ്പോഴാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. പിന്നീട് ഇന്ത്യയില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.