ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിക്കെതിരെയുള്ള നീക്കം ബി.ജെ.പിയിലെ വിമതവിഭാഗം ശക്തമാക്കുന്നു. അരുണ്‍ ജെയ്‍റ്റ്‍ലി കള്ളപ്പണക്കാരെ സംരക്ഷിക്കുന്നെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ ആവശ്യപ്പെട്ടു.

യശ്വന്ത് സിന്‍ഹയെ വ്യക്തിപരമായി പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി ഇന്നലെ എണ്‍പതുകാരനായ തൊഴിലന്വേഷകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. താന്‍ തൊഴിലന്വേഷകനായിരുന്നെങ്കില്‍ ജെയ്‍റ്റ്‍ലി ധനമന്ത്രിയാവില്ലായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ തിരിച്ചടിച്ചു. മോദിയും ജെയ്‍റ്റ്‍ലിയും ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും വിദേശത്ത് കള്ളപ്പണമുള്ളവരെ ജെയ്‍റ്റ്‍ലി സംരക്ഷിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. വിദേശത്തുള്ള കള്ളപ്പണം എത്ര തിരികെ വന്നുവെന്നും വിദേശത്തുള്ള കള്ളപ്പണം കൊണ്ടു വരാന്‍ ഈ മൂന്നര വര്‍ഷം ധനമന്ത്രി എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

മകന്‍ ജയന്ത് സിന്‍ഹയെ കൊണ്ട് മറുപടി പറയിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കാര്യമായെടുക്കുന്നില്ല. ജയന്ത് സാമ്പത്തികാര്യത്തില്‍ വിദഗ്ധനായിരുന്നെങ്കില്‍ ധനമന്ത്രാലയത്തില്‍ നിന്ന് വ്യോമയാന മന്ത്രാലയത്തിലേക്ക് മാറ്റിയത് എന്തിനാണെന്നും യശ്വന്ത് സിന്‍ഹ ചോദിച്ചു. ഇതിനിടെ ബി.ജെ.പി ശത്രുഘന്‍ സിന്‍ഹ പ്രധാനമന്ത്രിക്കെതിരെ രംഗത്തു വന്നു. നരേന്ദ്രമോദി ഒരു തവണയെങ്കിലും വാര്‍ത്താസമ്മേളനം നടത്തി യഥാര്‍ത്ഥ ചോദ്യങ്ങള്‍ നേരിടണമെന്ന് ശത്രുഘന്‍ സിന്‍ഹ ആവശ്യപ്പെട്ടു. യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ ഇപ്പോള്‍ അച്ചടക്ക നടപടി ആലോചിക്കുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം നല്കുന്ന സൂചന. 

പാര്‍ലമെന്റിന്റെ ധനകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ രാജസ്ഥാനിലെ ബി.ജെ.പി എം.പി ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ യശ്വന്ത് സിന്‍ഹ വീണ്ടും തുടങ്ങിയിരിക്കുന്ന നീക്കത്തിന് പാര്‍ട്ടിയിലെ അദ്വാനി ക്യാംപിന്റെയാകെ പിന്തുണയുണ്ട്.