ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. സെൻസെക്സ് 435 പോയന്റിന്റെ നേട്ടത്തോടെ 33,042ൽ എന്ന നിലയിലും നിഫ്റ്റി 87 പോയന്റിന്റെ നേട്ടത്തോടെ 10,295 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിംഗ് ഓഹരികളിൽ ഊന്നിയായിരുന്നു ഇന്ന് വിപണിയുടെ കുതിപ്പ്. പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കുന്നതിന് 2.1 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ച ഉടൻ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 509 പോയന്‍റ് ഉയർന്ന് 33,117ൽ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 132 പോയന്‍റ് നേട്ടത്തോടെ 10,312ലേക്ക് കുതിച്ച് കയറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം മികച്ച നേട്ടത്തിലാണ്. രണ്ട് ലക്ഷം കോടി രൂപ വരുന്നത് നിഷ്‍ക്രിയ ആസ്‍തിയിൽ പൊറുതിമുട്ടുന്ന ബാങ്കിംഗ് മേഖലയ്‍ക്ക് ആശ്വസകരമാകും. ഇതോടെ ബാങ്കുകൾ കൂടുതൽ വായ്പകൾ അനുവദിക്കുകയും സാന്പത്തിക മേഖല കരുത്തുനേടുമെന്നാണ് കരുതുന്നത്.