500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള പ്രതിസന്ധി ഓഹരി വിപണികളെ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഓഹരി വിപണികള്‍ നഷ്ടത്തില്‍ തുടരുന്നത്. സെന്‍സെക്സസും നിഫ്റ്റിയും ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 145 പോയിന്റ് നഷ്ടത്തില്‍ 1729ലാണ് നിഫ്റ്റി ഇന്ന് ക്ലോസ് ചെയ്തത്. 385 പോയിന്റ് നഷ്ടത്തില്‍ 25765ലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. എല്ലാ സെക്ടറുകളിലും കനത്ത നഷ്ടമാണ് ഇന്ന് വിപണികളില്‍ പ്രകടമായത്. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായിത്തന്നെ വ്യാപാരത്തില്‍ നഷ്ടം നേരിട്ടിരുന്നു. പ്രമുഖ ധനകാര്യ ഏജന്‍സിയായ എച്ച്.എസ്.ബി.സി ഇന്ത്യയിലെ ഈ വര്‍ഷത്തെ ജി.ഡി.പി നിരക്ക് താഴുമെന്നും പ്രവചിച്ചിരുന്നു. ഈ പ്രവചനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വിപണികള്‍ ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.