അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തിരയൊടുങ്ങിയപ്പോള്‍ ഓഹരി വിപണിയും സ്വര്‍ണവും തിരിച്ച് കയറി. രാജ്യാന്തര വിപണികളിലെ നേട്ടത്തിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ ഉയര്‍ന്നത്. സെന്‍സെക്‌സ് 265 പോയിന്റ് നേട്ടത്തോടെ 27,517ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 8,525ലും ക്ലോസ് ചെയ്തു. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപ് നികുതികളില്‍ ഇളവും പ്രതിരോധ, നിര്‍മാണ മേഖലകളില്‍ നിക്ഷേപവും നടത്തിയേക്കുമെന്നാണ് വ്യാപാര ലോകത്തെ പ്രതീക്ഷ. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബാങ്കിംഗ് മേഖലയാണ് മികച്ച നേട്ടമുണ്ടാക്കിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ കള്ളപ്പണം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നെന്ന സൂചനയാണ് ബാങ്കിംഗ് ഓഹരികളിലെ കുതിപ്പിന് ആധാരം. ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയും ഇന്ന് താഴേക്ക് വന്നു. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 22,880 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 2,860 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം. ആഗോള വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വിലയില്‍ 55 ഡോളറിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.