ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തോട് നിക്ഷേപര്‍ക്ക് തണുത്ത പ്രതികരണം. സെന്‍സെക്‌സ് 194 നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. നഷ്‌ടം നേരിട്ടെങ്കിലും വിപണി വരും ദിവസങ്ങളില്‍ നേട്ടത്തില്‍ തിരിച്ചെത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

ദീപാവലി മുഹൂര്‍ത്ത വ്യാപാരം നിക്ഷേപകര്‍ ഇത്തവണയും കൈവിട്ടു. ആഗോള വിപണികളില്‍ നഷ്‌ടം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പിടികൂടിയതാണ് മുഹൂര്‍ത്ത വ്യാപാരത്തിന് തിരിച്ചടിയായത്. സെന്‍സെക്‌സ് 32,389ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 64 പോയന്‍റ് നഷ്‌ടത്തില്‍ 10,146ലും ക്ലോസ് ചെയ്തു. വൈകുന്നേരം 6.30 മുതല്‍ 7.30 വരെയായിരുന്നു മുഹൂര്‍ത്ത വ്യാപാരം.

തിരിച്ചടി നേരിട്ടെങ്കിലും ശുഭസമയത്ത് വാങ്ങിയ ഓഹരികള്‍ ഭാവിയില്‍ നേട്ടം കൊണ്ടുവരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം വിപണി 18 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ച തിരിച്ച് കയറുന്ന പശ്ചാത്തലത്തില്‍ ഇത്തവണ നേട്ടം ഇതില്‍ കൂടുമെന്നാണ് നിക്ഷേപകരുടെ കണക്ക് കൂട്ടല്‍. മുഹൂര്‍ത്ത വ്യാപാരത്തിനായി മുംബൈയിലെ ദലാല്‍ സ്ട്രീറ്റിലും സംസ്ഥാനത്തെ വിവിധ ഓഹരി ഇടപാട് സ്ഥാപനങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.