ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയുടെ നേതൃത്വത്തില്‍ ഫഌറ്റ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഷാര്‍ജയില്‍ താമസിക്കുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി ഷാനവാസിനെതിരെ പീഡനത്തിനിരയായ രണ്ട് യുവതികള്‍ ഡിജിപിക്ക് പരാതി നല്‍കി.

വിവാഹവാഗ്ദാനം നല്‍കിയാണ് ഷാനവാസ് പെണ്‍കുട്ടികളെ വലയിലാക്കുന്നതെന്ന് പരാതിക്കാരിയായ കൊല്ലം സ്വദേശി പറയുന്നു. ഗള്‍ഫില്‍ സര്‍ക്കാര്‍ ജോലിയുണ്ടായിരുന്ന യുവതിയും കുടുങ്ങിയത് ഇങ്ങിനെയാണ്. വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിന് ശ്രമം നടക്കുന്നിതിനിടെയാണ് ഷാനവാസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുവതിക്ക് ലഭിച്ചത്.

വിവാഹിതനായ ഷാനവാസിന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും യുവതികളുടെ നഗ്‌നചിത്രങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും പരാതിക്കാരി പറയുന്നു.  നാട്ടില്‍ തിരിച്ചെത്തിയ കൊല്ലം സ്വദേശി, ഷാനവാസിന്റെ ആദ്യഭാര്യയെ കണ്ടതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി. ഷാനവാസിന്റെ ഫഌറ്റില്‍ നിരവധി പെണ്‍കുട്ടികള്‍ എത്താറുണ്ടെന്നും ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും യുവതികള്‍ ആരോപിച്ചു.

രണ്ട് യുവതികളും സമാന പരാതികളാണ് ഡിജിപിക്ക് നല്‍കിയത്.  ഇയാള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജയിലുള്ള ഷാനവാസിനെ നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം പൊലീസ് ഉടന്‍ തുടങ്ങും. അതേ സമയം പരാതികളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.