നഷ്ടത്തിൽ നിന്ന് കരകയറി ഓഹരി വിപണി. 2ജി സ്പെക്ട്രം കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി ഓഹരി വിപണിയിലും പ്രതിഫലിച്ചു. സൺ ടിവി, ഡിബി റിയാലിറ്റി, യുണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. ഡിബി റിയാലിറ്റിയുടെ ഓഹരി വില 20 ശതമാനവും യുണിടെകിന്‍റെ വില 14 ശതമാനവും സൺടിവിയുടേത് 5 ശതമാനവും ഉയർന്നു.
ടുജി സ്പെക്ട്രം അഴിമതിയുടെ പേരിൽ ഈ ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. യുണിടെക്കിന്‍റെ ഓഹരി ഉടമകൾക്ക് 97 ശതമാനം നഷ്ടമാണുണ്ടായത്. നിലവിൽ സെൻസെക്സ് 33,800ലാണ് വ്യാപാരം. ഏഷ്യൻ വിപണികൾ നേട്ടത്തിലേക്ക് ഉയരാത്തതാണ് രാവിലെ ഇന്ത്യൻ വിപണികളെ പ്രതികൂലമായി ബാധിച്ചത്.
ലാർസൻ, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്പ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം എംആൻഡ്എം, എച്ച്‍യുഎൽ, ഇൻഫോസിസ് എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്. 2 പൈസയുടെ നേട്ടത്തിലാണ് രൂപയുടെ വിനിമയം.
