പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും ഈ വർഷം അവസാനത്തോടെ വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.
ദില്ലി: എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ അടുത്ത ആഴ്ച തുടങ്ങുമെന്ന് സൂചന. സിംഗപ്പൂർ എയർലൈൻസ്, ജെറ്റ് എയർവെയ്സ്, എയർ ഫ്രാൻസ് തുടങ്ങിയ വിമാന കമ്പനികൾ എയർ ഇന്ത്യയുടെ ഓഹരി ഏറ്റെടുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
'ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണ്, ഞങ്ങൾക്ക് തുറന്ന മനസ്സാണ്'-എയർഇന്ത്യയുടെ ഓഹരികൾ വാങ്ങുന്നതിനെ കുറിച്ചുള്ള സിംഗപ്പൂർ എയർലൈൻസ് ജനറൽ മാനേജർ ഡേവിഡ് ലിമ്മിന്റെ പ്രതികരണമാണിത്. ജെറ്റ് എയർവെയ്സ്, എയർ ഫ്രാൻസ്, ഡെൽറ്റ എയർ ലൈൻസും തുടങ്ങിയവരുടെ കൺസോർഷ്യവും ഓഹരി വാങ്ങാൻ ശ്രമിക്കുന്നതായി റിപ്പോട്ടുകളുണ്ട്. ഇന്ത്യയിൽ നിന്ന് ടാറ്റ ഗ്രൂപ്പും എയർഇന്ത്യയെ സ്വന്തമാക്കാൻ രംഗത്തുണ്ട്.
പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും ഈ വർഷം അവസാനത്തോടെ വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഓഹരി വിറ്റഴിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കി വരുകയാണ്. ഇൻഡിഗോ എയർലൈൻസും, ഒരു വിദേശ കമ്പനിയും മാത്രമാണ് നിലവിൽ ഓഹരി വാങ്ങുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ ഔദ്യോഗികമായി താല്പര്യം അറിയിച്ചിരിക്കുന്നത്. കടബാധ്യത 50,000 കോടി രൂപയിൽ കടന്നതിനെ തുടർന്നാണ് എയർഇന്ത്യയെ വിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്.
