സിംഗപ്പൂര്‍ സിറ്റി : രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഇക്കുറി ബോണസ് നല്‍കാന്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ തീരുമാനം. 2017 ലെ ബജറ്റില്‍ കോടികള്‍ മിച്ചം വന്നതോടെയാണിത്. ആയിരം കോടി സിംഗപ്പൂര്‍ ഡോളറാണ് മിച്ചമുണ്ടായത്. 21 വയസ്സിനും അതിന് മുകളിലുമുള്ള എല്ലാവര്‍ക്കും ബോണസ് ലഭിക്കും.

ഓരോരുത്തര്‍ക്കും 300 സിംഗപ്പൂര്‍ ഡോളര്‍ വരെയാണ് കിട്ടുക. ഒരോ വ്യക്തികളുടെയും വരുമാനം അനുസരിച്ചാണ് ബോണസ് നല്‍കുകയെന്നും ധനകാര്യമന്ത്രി ഹംഗ് സ്വീ ക്വീറ്റ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഇക്കുറിയത്തെ ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ ശ്രദ്ധേയമായ പ്രഖ്യാപനം.

28,000 സിംഗപ്പൂര്‍ ഡോളറും അതിന് താഴേക്കും വരുമാനമുള്ളവര്‍ക്ക് 300 ഡോളര്‍ വരെ ലഭിക്കും. 28001 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയുള്ളവര്‍ക്ക് 200 ഉം അതിന് മുകളിലുള്ളവര്‍ക്ക് 100 ഉം ഡോളര്‍ ലഭിക്കും. വിവിധ വിഭാഗങ്ങളിലായി സര്‍ക്കാര്‍ ഖജനാവില്‍ വരുമാനം വര്‍ധിച്ചതാണ് പണം മിച്ചമുണ്ടാകാന്‍ കാരണമായത്.

ബോണസ് വിതരണം കഴിഞ്ഞ് ശേഷിക്കുന്ന തുക മുതിര്‍ന്ന പൗരന്‍മാരുടെയും ഭിന്നശേഷിക്കാരുടെയും ഇന്‍ഷൂറന്‍സിനും സബ്‌സിഡികള്‍ക്കും വിനിയോഗിക്കും. ബാക്കി പണം റെയില്‍വേ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.