മുംബൈ:  ഒറ്റ ദിവസം കൊണ്ട് ഒരു കമ്പനിയെ തകര്‍ക്കുകയെന്നത് പണ്ട് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. എന്നാല്‍ ഇന്ന് കേവലം ഒരു വാട്സ് ആപ്പ് മെസേജ് കൊണ്ട് ഒരു കമ്പനിയെ തകര്‍ക്കാം. ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടിരിക്കയാണ് ഇന്‍ഫി ബീം കമ്പനി. വാട്സ് ആപ്പില്‍ പ്രചരിച്ച ഒരു സന്ദേശമാണ് വില്ലന്‍. വാട്സാപ്പ് സന്ദേശം വളരെ വേഗം പ്രചരിച്ചു. ഇതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 73 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

ഇന്‍ഫി ബീം കമ്പനി കമ്പനിക്കെതിരെ വെള്ളിയാഴ്ചയാണ് വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിച്ചത്. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വാട്‌സ് ആപ്പ് സന്ദേശം ഒറ്റ ദിവസം കൊണ്ട് വ്യാപകമായ രീതിയില്‍ പ്രചരിച്ചു. ഇതാണ് കമ്പനിയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായത്. 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന്‌ ശേഷമം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലുണ്ടായ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യമായി ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയാണ്‌  ഇന്‍ഫി ബീം. 99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനിയാണത്.  കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍ നിന്ന് 3,900 കോടിയായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട്‌ കുത്തനെ ഇടിയുകയായിരുന്നു. കമ്പനിയുടെ ഓഹരി വില 138.75 രൂപയായിരുന്നത് വെള്ളിയാഴ്ച തകര്‍ന്ന് 58.80 ലാണ് ക്ലോസ് ചെയ്തത്‌. തൊട്ടു മുന്‍പത്തെ ദിവസത്തേക്കാള്‍ 70.24 ശതമാനമാണ് കമ്പനി നേരിട്ട തകര്‍ച്ച. 

ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് കാപ്പിറ്റലിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. കമ്പനിയുടെ അക്കൗണ്ടിങ് സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങളാണ് പ്രചരിച്ചത്.  ഒരു ഉപ കമ്പനിക്ക് എട്ട് വര്‍ഷം കൊണ്ട് അടച്ച് തീര്‍ക്കാന്‍ ഇന്‍ഫി ബീം ഈടില്ലാതെ പലിശ രഹിത വായ്പ നല്‍കിയെന്നും ഇത് കമ്പനിയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തെന്നുമായിരുന്നു സന്ദേശം. മാത്രമല്ല കമ്പനിയുടെ സ്ഥാപകരിലൊരാളെ ഉത്തരവാദിത്വത്തില്‍നിന്ന് നീക്കിയതായും സന്ദേശത്തിലുണ്ടായിരുന്നു. ഇത് ഓഹരി ഉടമകളിലുണ്ടാക്കിയ പരിഭ്രാന്തിപരത്തിയതാണ് വിലത്തതകര്‍ച്ചയ്ക്ക് ഇടയാക്കിയത്‌. പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനി നല്‍കിയിരിക്കുന്നത് ഹ്രസ്വകാല വായ്പയാണെന്നും ഇത് കമ്പനിയെ ബാധിക്കുന്നല്ലെന്നും വക്താവ് പറഞ്ഞു. പ്രമോട്ടര്‍മാരെ കമ്പനി മാറ്റിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.