ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്സും അദാനി എന്‍റര്‍പ്രൈസും ആറ് എയര്‍പോര്‍ട്ടുകളും ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനുളള സമ്മതം അറിയിച്ചിട്ടുണ്ട്. ജയ്പൂര്‍, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവഹത്തി, തിരുവനന്തപുരം എന്നീ നോണ്‍ -മെട്രോ വിമാനത്താവളങ്ങളാണ് എഎഐ ലേലം ചെയ്യുന്നത്. 

ദില്ലി: രാജ്യത്തെ ആറ് നോണ്‍ മെട്രോ വിമാനത്താവളങ്ങളെ ലേലം ചെയ്യാനുളള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നടപടിയില്‍ പങ്കെടുക്കാന്‍ പത്ത് പ്രമുഖ കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. അദാനി എന്‍റര്‍പ്രൈസസും, ജിഎംആര്‍ എയര്‍പോര്‍ട്ട്സും, യുകെയിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റേഴ്സ്. നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്), കേരള സ്റ്റേറ്റ് ഇന്‍‍ഡസ്ട്രീയല്‍ ഡെലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 

ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്സും അദാനി എന്‍റര്‍പ്രൈസും ആറ് എയര്‍പോര്‍ട്ടുകളും ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനുളള സമ്മതം അറിയിച്ചിട്ടുണ്ട്. ജയ്പൂര്‍, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവഹത്തി, തിരുവനന്തപുരം എന്നീ നോണ്‍ -മെട്രോ വിമാനത്താവളങ്ങളാണ് എഎഐ ലേലം ചെയ്യുന്നത്. ഫെബ്രുവരി 28 ആകും ലേലത്തിന്‍റെ വിജയികളെ പ്രഖ്യാപിക്കുക. 

വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും വികസിപ്പിക്കാനുമുളള അനുമതിയാണ് കമ്പനികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ലേലത്തില്‍ വയ്ക്കാന്‍ പോകുന്ന ആറ് വിമാനത്താവളങ്ങളും നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മികച്ച ലാഭമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വര്‍ഷം 2.27 മുതല്‍ 9.17 മില്യണ്‍ യാത്രക്കാരെയാണ് ഈ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തു വരുന്നത്. 

ദില്ലി, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിലവില്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്സ് ആണ്. എന്നാല്‍, അദാനി എന്‍റര്‍പ്രൈസ് എയര്‍പോര്‍ട്ട് മേഖലയിലേക്ക് കടക്കാനുളള ശ്രമത്തിലാണിപ്പോള്‍. 2018 ഡിസംബര്‍ 14 മുതലാണ് എഎഐ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കാനായി അപേക്ഷ ക്ഷണിച്ചത്. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയെന്നത് മുന്‍ ബജറ്റിലെ കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. ആ ലക്ഷ്യം നേടിയെടുക്കാന്‍ വിമാനത്താവള ലേലം സഹായിച്ചേക്കുമെന്നാണ് ബിസിനസ് ലൈന്‍ അടക്കമുളള ദേശീയ മാധ്യമങ്ങളുടെ നിഗമനം. 

ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയ്ക്ക് ശേഷം രണ്ടാമത്തെ എയര്‍പോര്‍ട്ട് സ്വകാര്യവത്കരണമാണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. മുന്‍പ് 30 വര്‍ഷമായിരുന്ന വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴിത് 50 വര്‍ഷ പാട്ടവ്യവസ്ഥയിലാണ് ലേലം ചെയ്യുന്നത്.