തിരുവനന്തപുരം: ഹോട്ടലുകളിലെ ജി.എസ്.ടി നിരക്കില്‍ നാളെ മുതല്‍ മാറ്റം വരുന്നതിന് പിന്നാലെ കര്‍ശനമായ പരിശോധന ആരംഭിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അറിയിച്ചു. ഇപ്പോള്‍ 18ഉം 12 ഉം ശതമാനം നികുതി ഈടാക്കുന്ന ഹോട്ടലുകള്‍ അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നുണ്ടോ അതോ ഭക്ഷണത്തിന്റെ വില കൂട്ടി നികുതി കുറവ് അട്ടിമറിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി സംസ്ഥാനത്തെ നാലായിരത്തിലധികം ഹോട്ടലുകളിലെ ബില്ലുകള്‍ ശേഖരിച്ചിട്ടുണ്ട്.
ശീതീകരിച്ച റസ്റ്റോറന്റുകളില്‍ 18 ശതമാനവും ശീതീകരിക്കാത്തവയില്‍ 12 ശതമാനവും നികുതിയാണ് ഇപ്പോൾ ഈടാക്കുന്നത്. നാളെ മുതല്‍ എല്ലാ ഹോട്ടലുകളിലും നികുതി അഞ്ച് ശതമാനമായി കുറയണം. ഇത് പരിശോധിക്കാനാണ് ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്‍പുള്ളതും ശേഷമുള്ളതുമായ ബില്ലുകള്‍ അധികൃതര്‍ ശേഖരിച്ചിരിക്കുന്നത്. ഭക്ഷണ വില എത്രയെന്നും നികുതി എത്രയെന്നും ബില്ലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ മുതൽ ഭക്ഷണത്തിന്റെ വില അങ്ങനെ തന്നെ നിലനിർത്തി നികുതി കുറയ്ക്കുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെയാകുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ കാര്യമായ കുറവ് വരണം. എന്നാൽ ഇത് ചെയ്യാതെ വില കൂട്ടി സാധനങ്ങള്‍ വില്‍ക്കാന്‍ സാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ നികുതി കുറയുമ്പോള്‍ ഇത്തരം നടപടികളാണ് പല ഹോട്ടലുകളും ചെയ്തുവന്നത്.
ഇപ്പോള്‍ ഭക്ഷണത്തിന് ഈടാക്കുന്ന വില അറിയാനായി ബില്ലുകള്‍ നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നാളെ മുതല്‍ ഈടാക്കുന്ന വില പരിശോധിച്ച് അധിക വില ഈടാക്കുന്നുണ്ടെങ്കില്‍ ഉടൻ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വില കുറഞ്ഞിട്ടില്ലെങ്കിൽ ഉപഭോക്താക്കള്‍ക്കും സംസ്ഥാന ജി.എസ്.ടി വകുപ്പിന് പരാതി നൽകാം.
