ദില്ലി: കോര്‍പറേറ്റ് വായ്പാ പരിധി കുറച്ച്, വ്യക്തി അധിഷ്ഠിത വായ്പാ പരിധി കൂട്ടണമെന്ന് ചെറുകിട പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാമ്പത്തിക മാന്ദ്യം മറികടക്കാൻ പൊതുമേഖലാ ബാങ്കുകളുടെ നീക്കിയിരിപ്പ് കൂട്ടാനുള്ള നിര്‍ദ്ദേശം ബജറ്റിൽ ധനമന്ത്രി മുന്നോട്ടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കള്ളപ്പണം ഇല്ലാതാക്കാൻ വന്ന നോട്ട് നിരോധനവും പിന്നാലെ വന്ന ജി.എസ്.ടിയും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. അത് മറിടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് വിദേശ നിക്ഷേപത്തിന് കൂടുതൽ ഇളവുകൾ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പമാണ് ചെറുകിട ബാങ്കുകൾ കോര്‍പ്പറേറ്റ് സ്ഥാപനങ്ങൾക്കുള്ള വായ്പ വെട്ടിക്കുറച്ച് വ്യക്തിയധിഷ്ടിത വായ്പാപരിധി കൂട്ടണമെന്ന നിര്‍ദ്ദേശം കൂടി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. 

2019 മാര്‍ച്ച് മാസത്തിനകം 15 ശതമാനം കോര്‍പ്പറേറ്റ് വായ്പകൾ കുറക്കണം. ഭവന വായ്പകൾ, വാഹന വായ്പകൾ പോലുള്ള വ്യക്തിയധിഷ്ടിത വായ്പകൾ ബാങ്കുകൾ അധികം നൽകിയാൽ വിപണിയിൽ അത് പെട്ടെന്ന് പ്രതിഫലിക്കും. ഇതിലൂടെ കോര്‍പ്പറേറ്റ് വായ്പകൾ മൂലമുള്ള വൻ ബാധ്യതകൾ ബാങ്കുകൾക്ക് കുറക്കാനും സാധിക്കും. 

നിലവിൽ 9ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ നേരിടുന്നത്. പൊതുമേഖല ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്താൻ ഇത്തവണ ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കാനും സാധ്യതയുണ്ട്. 2018 മാര്‍ച്ച് മാസത്തികം 80,000 കോടി രൂപ പൊതുമേഖല ബാങ്കുകളുടെ മൂലധനശേഷി ഉയര്‍ത്താനായി നൽകുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഇതിന്‍റെ പരിധി എത്രയും ആകും എന്നതും സാമ്പത്തിക രംഗത്തെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ടതാണ്. 

സാമ്പത്തിക രംഗം മെച്ചപ്പെടും എന്ന് ലോക ബാങ്കിന്‍റെ സര്‍വ്വെയൊക്കെ പ്രവചിക്കുന്നുണ്ടെങ്കിലും വിപണിക്ക് ഇപ്പോഴും വലിയ ആത്മവിശ്വാസം നൽകാൻ സര്‍ക്കാരിന് ആയിട്ടില്ല. വിലക്കയറ്റം പോലുള്ള പ്രതിസന്ധികൾ ഒപ്പം നിര്‍മ്മാണ മേഖലയിലും, വ്യവസായിക മേഖലയിലും തുടരുന്ന മാന്ദ്യം ഇതൊക്കെ ബജറ്റ് എങ്ങനെ മറികടക്കും എന്നതാണ് ചോദ്യം