കൊച്ചി: രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ ചെറിയ കാറുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. നിലവിലുള്ള എല്ലാ നികുതികളും മാറ്റി പകരം അഞ്ച്, 12, 18, 28 എന്നിങ്ങനെ വിവിധ സ്ലാബുകളിലുള്ള ഏകീകൃത നികുതി ഘടനയായിരിക്കും രാജ്യത്ത് മൊത്തത്തില്‍ ഉണ്ടാവുക. നിലവില്‍ 28 ശതമാനത്തിലും ഉയര്‍ന്ന നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്തും. പരമാവധി 15 ശതമാനം വരെയായിരിക്കും ഇങ്ങനെ നികുതിക്ക് പുറമെ സെസ് ഈടാക്കുക.

1200 സി.സി വരെയുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 1500 സി.സി വരെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ആകെ 27.5 ശതമാനം നികുതിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇപ്പോള്‍ ഈടാക്കുന്നത്. ജി.എസ്.ടിയില്‍ നികുതികള്‍ ഏകീകരിക്കുമ്പോള്‍ ഇത് 28 ശതമാനത്തിലെ സ്ലാബിലേക്ക് മാറും. അതുകൊണ്ടുതന്നെ വിലയിലും ഈ വര്‍ദ്ധനവുണ്ടാകാനാണ് സാധ്യത. എന്നാല്‍ ഇടത്തരം കാറുകള്‍ക്കും എസ്.യു.വികള്‍ക്കും കാര്യമായ വില വര്‍ദ്ധനയുണ്ടാവാന്‍ സാധ്യതയില്ല. എന്നു മാത്രമല്ല എസ്.യു.വികളുടെ നികുതിയില്‍ ഒന്നര ശതമാനത്തിന്റെ കുറവുണ്ടാവുകയും ചെയ്യും. ഈ നികുതി കുറവ് വാഹന നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാല്‍ എസ്.യു.വികളുടെ വിലയും കുറയും.