നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മൂന്നാം ദിവസത്തേക്ക് കടന്നതോടെ പഴം, പച്ചക്കറി ചന്തകളിലൊന്നും പതിവ് തിരക്കില്ല. ചില്ലറയില്ലാത്തതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞെന്നാണ് കച്ചവടക്കാരുടെ പരാതി. പണമില്ലാത്തതിനാല്‍ സ്റ്റോക്കെടുക്കുന്നതും കുറഞ്ഞു. സാധാരണക്കാരുടെ വാഹനമായ ഓട്ടോകളും സ്റ്റാന്‍ഡുകളില്‍ വിശ്രമിക്കുകയാണ്. ചില്ലറയില്ലാത്തതിനാല്‍ പല ഡ്രൈവര്‍മാരും ഓട്ടം പോകുന്നുമില്ല. ചില്ലറയെച്ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ മില്‍മയുടേത് അടക്കം പല കടകളും ഇന്ന് തുറന്നിട്ടില്ല. എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും ആവശ്യത്തിന് പണം ലഭിക്കാതായതോടെ വരും ദിവസങ്ങളില്‍ തുറന്ന കടകളും പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.