Asianet News MalayalamAsianet News Malayalam

ജര്‍മ്മനിയുടെ ഒന്നാം സ്ഥാനം തട്ടിയെടുക്കാന്‍ കൊച്ചി വിമാനത്താവളം തയ്യാറെടുക്കുന്നു

  • ലോകത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ കൊച്ചി വിമാനത്താവളം
  • നിലവില്‍ ഒന്നാം സ്ഥാനം ജര്‍മ്മനിയിലെ വീസ് വിമാനത്താവളത്തിന്
  • ഈ വര്‍ഷം മെയ് മാസത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യും
solar carport commissioned in may

കൊച്ചി: പൂര്‍ണ്ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഒരേ ഒരു വിമാനത്താവളമെന്ന പദവി അലങ്കരിക്കുന്ന കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ഇതാ മറ്റൊരു അന്താരാഷ്ട്ര നേട്ടത്തിന് തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട് (സോളാര്‍ പാനലുകളുപയോഗിച്ച് നിര്‍മ്മിക്കുന്ന കാര്‍പോര്‍ട്ട്) സ്വന്തമാക്കുകയെന്നതാണ് സിയാല്‍ ലക്ഷ്യം വെക്കുന്ന പുതിയ നേട്ടം.

നാല് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുളള സോളാര്‍ കാര്‍പോര്‍ട്ട് സ്വന്തമായുളള ജര്‍മ്മനിയിലെ വീസ് വിമാനത്താവളമാണ് ഈ രംഗത്ത് ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരിക്കുന്നത്.  നിലവില്‍ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ നിര്‍മ്മിച്ചിരിക്കുന്ന സോളാര്‍ കാര്‍പോര്‍ട്ടില്‍ നിന്ന് 2.7 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പദന ശേഷിയുണ്ട്.  ഈ വര്‍ഷം മെയ് മാസത്തോടെ ആഭ്യന്തര ടെര്‍മിനലില്‍ കമ്മീഷന്‍ ചെയ്യുന്ന 2.4 മെഗാവാട്ട്  സോളാര്‍ കാര്‍പോര്‍ട്ട് എത്തുന്നതോടെ  കൊച്ചിയിലെ സോളര്‍ കാര്‍പോര്‍ട്ടുകളില്‍ നിന്നുളള ആകെ ഉല്‍പ്പാദനം 5.1 മെഗാവാട്ടായി ഉയരും.

ഇതോടെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട് സ്വന്തമായിട്ടുളള വിമാനത്താവളമായി സിയാല്‍ മാറും.  നിലവിലെ സോളാര്‍ കാര്‍പോര്‍ട്ട് ഉള്‍പ്പെടെ ഏട്ട് സോളാര്‍ പ്ലാന്‍റുകളില്‍ നിന്നായി 30 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുളള ശേഷി ഇപ്പോള്‍ സിയാലിനുണ്ട്. രണ്ടാമെത്തെ കാര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നത് സ്റ്റര്‍ലിന്‍ ആന്‍ഡ് വില്‍സണ്‍ കമ്പനിയാണ്. സോളാര്‍ പവര്‍ യൂണിറ്റിനോട് ചേര്‍ന്ന് സോളാര്‍ കാറുകള്‍ ചാര്‍ജ് ചെയ്യാനുളള കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയും ഭാവിയില്‍ സോളാര്‍ കാറുകള്‍ വിമാനത്താവള ആവശ്യങ്ങള്‍ക്കുപയോഗിച്ച് സൗരോര്‍ജത്തെ പ്രോത്സാഹിപ്പിക്കാനുളള നടപടികളുമായി മുന്നോട്ടുപോകാനാണ് സിയാലിന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios