തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യ മേഖലയിലേക്ക് പോകരുതെന്ന് നിര്‍ബന്ധമുളളതിനാലാണ് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിച്ച ബിഡില്‍ പങ്കെടുക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിച്ചത്. 

ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട സാങ്കേതിക-ധനകാര്യ കണ്‍സള്‍ട്ടന്‍സി നടപടികള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ധന, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട നിയമ കണ്‍സള്‍ട്ടന്‍റായി സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തെയും നിയോഗിക്കാന്‍ തീരുമാനിച്ചു. പ്രത്യേക ഉദ്ദേശ്യ കമ്പനിയില്‍ വിമാനത്താവള ഭൂമിയായിരിക്കും സര്‍ക്കാരിന്‍റെ ഓഹരി. 

വിമാനത്താവളം സ്ഥാപിക്കാന്‍ തിരുവതാംകൂര്‍ മഹാരാജാവിന്‍റെ കാലത്ത് 257.9 ഏക്കര്‍ ഭൂമിയും പിന്നീട് കേരള സര്‍ക്കാര്‍ 32.56 ഏക്കര്‍ ഭൂമിയും ഉള്‍പ്പടെ 290.46 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. 18 ഏക്കര്‍ ഭൂമി കൂടി വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഏറ്റെടുക്കാനുളള നടപടി പുരോഗമിക്കുകയാണ്.