ലക്‌നൗ; രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ജലവിമാന സര്‍വ്വീസ്(സീ പ്ലെയിന്‍) സര്‍വ്വീസ് ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയതിനിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും ജലവിമാനസര്‍വ്വീസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പഖ്യാപിച്ചു. 

കരയിലും ജലത്തിലും ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന ജലവിമാനങ്ങള്‍ വാരണാസിക്ക് അനുയോജ്യമാണെന്നും, ഗംഗാനന്ദിയില്‍ നിന്നും സമീപ നഗരങ്ങളായ ലക്‌നൗവിലേക്കും മറ്റും സ്ഥിരം സര്‍വ്വീസ് സാധ്യമാണെന്നും അജയ് സിംഗ് പറയുന്നു. 

ലാഭകരമായ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുക എന്നതാണ് എന്നതാണ് ഇൗരംഗത്തെ പ്രധാനവെല്ലുവിളി. ഇതുസംബന്ധിച്ച പഠനങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ജലവിമാനത്തിന് 50 ലക്ഷം രൂപയോളം വില വരും. ഇത്തരം നൂറ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാണ് ഞാന്‍ ആലോചിക്കുന്നത്. ഇവ ലഭിച്ചു കഴിഞ്ഞാല്‍ രാജ്യവ്യാപകമായി ഈ വര്‍ഷം വിമാനസര്‍വീസ് ആരംഭിക്കാന്‍ സാധിക്കും. പല സംസ്ഥാന സര്‍ക്കാരുകളും വിമാനസര്‍വീസുകള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചിട്ടുണ്ട്. - അജയ് സിംഗ് പറയുന്നു. 

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ജലവിമാനസര്‍വീസ് നടത്തുവാന്‍ ഇതിനോടകം സ്‌പൈസ് ജെറ്റ് തീരുമാനിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.