സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് ശ്രീശാന്ത്

സ്വന്തം ബ്രാന്‍ഡുമായി മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് എത്തുന്നു. സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് ശ്രീശാന്ത് ഫേസ്ബുക്കില്‍ വിശദമാക്കി.പ്രമുഖ വിദേശവസ്ത്ര വ്യാപാര കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംരംഭം.

എസ് 36 എന്നപേരില്‍ സ്പോര്‍ട്സ് ഷോപ്പും മ്യൂസിക് ബാന്‍ഡും നിലവിലുണ്ടെങ്കിലും വസ്ത്രവ്യാപാരമേഖലയിലേക്കുള്ള റണ്ണപ്പില്‍ അതേപേര് ഉപയോഗിക്കുമോയെന്ന കാര്യം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പുതിയ ബ്രാന്‍ഡുമായി ഉടനെത്തും, കാത്തിരിക്കൂ എന്നാണ് ശ്രീശാന്ത് ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. ജീന്‍സ്, ടീ ഷര്‍ട്ട് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആകും വിപണനം ചെയ്യുക. ഓണ്‍ലൈനിലും എക്സ്ക്ലൂസീവ് ഷോറിമിലും പുതിയ ബ്രാന്‍ഡ് പ്രതീക്ഷിക്കാമെന്നാണ് സൂചന.

കൊച്ചിയിലും ബെംഗളൂരുവിലും എക്സ്ക്ലൂസീവ് ഷോറൂമുകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യ ചിത്രീകരണത്തിന്റെയും പ്രൊമേഷണല്‍ വീ‍ഡിയോസിന്റെയും ചിത്രീകരണത്തിന്റെ തിരിക്കിലാണ് ശ്രീശാന്തിപ്പോള്‍. ഓണത്തിനുമുമ്പ് പുതിയ ബ്രാന്‍ഡിന്റെ ഓപ്പണിങ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.