ദില്ലി: ഹോട്ടലുകളുടെ സ്റ്റാര്‍ പദവി സംബന്ധിച്ച് അത്ര കാര്യമായ അറിവുള്ളവര്‍ കുറവാണ്. ഈയൊരു ആശയക്കുഴപ്പം പല ഹോട്ടലുകളും മുതലെടുക്കുന്നുമുണ്ട്. എന്നാല്‍ ഹോട്ടല്‍ ഏതു സ്റ്റാര്‍ കാറ്റഗറിയില്‍ പെടുമെന്ന് ഇനി മുതല്‍ റിസപ്ഷന്‍ കൗണ്ടറില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് നിഷ്കര്‍ശിക്കുന്നു. ഇക്കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഹോട്ടലുകളുടെ വെബ്‍സൈറ്റുകളിലും സ്റ്റാര്‍ പദവി വ്യക്തമായി മനസിലാവുന്ന തരത്തില്‍ അറിയിച്ചിരിക്കണം. ഒന്നു മുതല്‍ അഞ്ച് സ്റ്റാറുകള്‍ വരെയാണ് നല്‍കുന്നത്. ഇതില്‍ എല്ലാ വിഭാഗങ്ങളെയും ബാധകമാക്കിയാണ് ഉത്തരവ്. ബാറുകളുള്ള ഹോട്ടലുകളെ സംബന്ധിച്ചും ടൂറിസം വകുപ്പ് വ്യക്തത വരുത്തിയിട്ടുണ്ട്. ഹോട്ടല്‍ കോമ്പൗണ്ടില്‍ മദ്യക്കടകളുണ്ടായാല്‍ പോര, ബാറുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അവയെ ‘സ്റ്റാര്‍ ഹോട്ടല്‍ വിത്ത് ആല്‍ക്കഹോള്‍’ എന്ന വിഭാഗത്തില്‍ പരിഗണിക്കൂവെന്നും പുതിയ ഉത്തരവുണ്ട്.