മുംബൈ: കയറ്റിറക്കങ്ങളില്ലാതെയാണ് രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഏഷ്യന്‍ വിപണികളില്‍ തിരിച്ചടി നേരിട്ടിട്ടും ആഭ്യന്തര നിക്ഷേപകര്‍ താത്പര്യം കൈവിടാത്തതാണ് വിപണിയെ താങ്ങി നിര്‍ത്തുന്നത്. അതേസമയം ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പനിരക്ക് പുറത്തു വരാനിരിക്കുന്നതിനാല്‍ കരുതലോടെയാണ് വ്യാപാരം.
ഭെല്‍, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം വിപ്രോ, കോള്‍ ഇന്ത്യ, എം.ആന്റ്.എം എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്. ഒന്‍പത് പൈസ നഷ്‌ടത്തോടെ 64.8 രൂപയിലാണ് രൂപയുടെ വിനിമയം.
