മുംബൈ: ദീപാവലിയ്‌ക്ക് മുന്‍പ് രാജ്യത്തെ ഓഹരി വിപണികള്‍ നഷ്‌ടത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും നഷ്‌ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ നഷ്‌ടത്തിലാക്കുന്നത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സിപ്ല എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. റിലയന്‍സ്, കൊട്ടാക് മഹീന്ദ്ര, ഒഎന്‍ജിസി എന്നിവ നേട്ടത്തിലാണ്.

ഇന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത എം.എ.എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വന്‍ കുതിപ്പ് നടത്തി. 46 ശതമാനം ഉയര്‍ച്ചയോടെ 670 രൂപയില്‍ എം.എ.എസിന്റെ വിലയെത്തി. ഒക്ടോബര്‍ പത്തിന് അവസാനിച്ച ഐ.പി.ഒയില്‍ 459 രൂപയായിരുന്നു ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ഓഹരി വില. ദീപാവലി പ്രമാണിച്ച് നാളെയും മറ്റന്നാളും വിപണി അവധിയാണ്. നാളെ വൈകുന്നേരം 6.30 മുതല്‍ 7.30 വരെയാണ് ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം.