മുംബൈ: ഓഹരി വിപണികളില്‍ നഷ്‌ടത്തോടെയാണ് വ്യാപാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി രാവിലെ റെക്കോഡ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് വീഴുകയായിരുന്നു. സെന്‍സെക്‌സും രാവിലെ 100 പോയന്‍റ് നേട്ടമുണ്ടാക്കി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ യോഗം നടക്കുന്നതിനാല്‍ ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യന്‍ വിപണികളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത്. 

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമോ എന്നാണ് ആശങ്ക. ഇന്ത്യന്‍ വിപണിയില്‍ കോള്‍ ഇന്ത്യ, കൊട്ടാക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടത്തിലാണ്. അതേസമയം ടാറ്റ മോട്ടോഴ്‌സ്, കൊട്ടാക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ നേട്ടം നിലനിര്‍ത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്‌ടത്തിലാണ്. 4 പൈസ നഷ്‌ടത്തോടെ 64.17 രൂപയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം.