മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. പതിനായിരത്തിന് മുകളിലാണ് നിഫ്റ്റിയിലെ വ്യാപാരം. സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്നു. ആഗോള വിപണിയിലെ നേട്ടത്തിനൊപ്പം ആഭ്യന്തര നിക്ഷേപകരും താത്പര്യം പ്രകടിപ്പിക്കുന്നതാണ് നേട്ടത്തിന് ആധാരം. വ്യാവസായിക വളര്‍ച്ച റിപ്പോര്‍ട്ടും ഉപഭോക്തൃ പണപ്പെരുപ്പ നിരക്കും ഇന്ന് പുറത്ത് വരാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. 

എച്ച്‌യുഎല്‍, എന്‍ടിപിസി, സണ്‍ഫാര്‍മ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. രണ്ട് പൈസ നേട്ടത്തോടെ 65 രൂപ 12 പൈസയിലാണ് വിനിമയം. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഹരി വില്‍പ്പന നാളെ തീരും. 855 മുതല്‍ 912 രൂപ വരെയാണ് ഓഹരി ഒന്നിന് നിശ്ചയിച്ചിരിക്കുന്ന വില.